Friday, 17 November 2017

Write-ups of "The Unknown Malayali": മുത്തച്ഛന്റെ പിറന്നാൾ

Write-ups of "The Unknown Malayali": മുത്തച്ഛന്റെ പിറന്നാൾ

മുത്തച്ഛന്റെ പിറന്നാൾ

എന്റെ മുത്തച്ഛനും അമ്മുമ്മയും.


വൃശ്ചികമാസത്തിലെ ചോതി എന്റെ മുത്തച്ഛന്റെ(വെട്ടത്തു പയ്യൂർ മന കൃഷ്ണൻ നമ്പൂതിരിപ്പാട്) പിറന്നാൾ/ജന്മദിനം ആണ്. രേഖകൾ പ്രകാരം മുത്തച്ഛൻ ജനിച്ച വർഷം M.E 1095 വൃശ്ചികം 5-ആം തിയതി (21st Nov. 1919 C.E) ആണ്.

ഒരു തൃപ്പൂണിത്തുറക്കാരനു മിക്കവാറും വർഷങ്ങളിൽ ഈ ദിവസം ഒരു കാത്തിരിപ്പിന്റെ അവസാനം ആയിരിക്കും (ഈ വർഷം പിറന്നാൾ രണ്ടാമതു വരും, ഉത്സവം കൊടിയേറ്റ് പിറ്റേദിവസം).

വല്ല്യുത്സവം (ഇപ്പൊ വൃശ്ചികോത്സവം എന്നു പറയും, ഗാംഭീര്യം കുറഞ്ഞില്ലേന്നൊരു സംശയം) ആരംഭിക്കുന്ന ദിവസം.

എനിക്കും അതിൽ മാറ്റമില്ല. പക്ഷെ എനിക്ക് ഉത്സവവും മുത്തച്ഛന്റെ പിറന്നാളും ഒരുപോലത്തെ കാത്തിരിപ്പായിരുന്നു.

എനിക്ക് മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു.

കുട്ടിക്കാലത്ത് മുത്തച്ഛന്റെ പിറന്നാൾ ദിവസം ഞങ്ങൾ സ്കൂളിൽ നിന്നും ഉച്ചയ്ക്ക് വരും സദ്യ ഉണ്ണാൻ വരും, പിന്നീട് സ്ക്കൂളിൽ പോകാറില്ല. സ്കൂളിൽ നിന്നും വരുമ്പോൾ രാവിലത്തെ ശിവേലി ഏകദേശം അഞ്ചാം കാലം ആയിട്ടുണ്ടാവും. വിശപ്പിന്റെ വിളിയും, സദ്യ ഉണ്ണാനുളള ആർത്തിയും, അതു കഴിഞ്ഞു മുറുക്കാനുള്ള കൊതി കാരണവും, അതില്ലെല്ലാം ഉപരി മുത്തച്ഛന്റെ വലത്തിരുന്നു (പിറന്നാളുക്കാരന്റെ പരിഗണന കിട്ടും, പക്ഷേ പിറന്നാളുക്കാരൻ എഴുന്നേൽക്കാതെ എഴുന്നേൽക്കാൻ പറ്റില്ല) സദ്യ ഊണ്ണാനുള്ള മോഹം കാരണം അമ്പലത്തിൽ അപ്പൊ പോകാറില്ല.

വലത്തിരുന്ന് മുത്തച്ഛൻ ചെയ്യുന്നതെല്ലാം ഞാനും ചെയ്യും. കുടിനീർ വീഴത്തുന്നതു വരെ (അന്ന് എന്തിനാ എന്നറിയില്ലെങ്കിൽ കൂടി).

ഊണു കഴിഞ്ഞു മുത്തച്ഛൻ കുറച്ചു രുപ ഞങ്ങൾ കുട്ടികൾ എല്ലാവർക്കും തരും, ഉത്സവത്തിന് ചെലവാക്കാൻ. അത് ആദ്യ രണ്ടുമൂന്നു ദിവസങ്ങളിൽ തന്നെ ലക്ഷ്മണൻ കൂട്ടരുടെ കടയിൽ നിന്നും മുറുക്കാനും (അന്നും ഇന്നും പുകയില ഇല്ലാതെ) തോടുള്ള കപ്പലണ്ടിയും നാരങ്ങ-സോഡാസർബത്തും വാങ്ങിച്ചു തീർക്കും (അന്നു പടിഞ്ഞാറേനടയിൽ ബജ്ജികട വന്നിട്ടില്ല, എനിക്കതു ഇഷ്ടവും അല്ല). ചിലപ്പോൾ ശശിയമ്മാമൻ ദൽഹിയിൽ നിന്നും ഉത്സവത്തിന് വന്നാൽ കോളാണ്, കാരണം, ശശിയമ്മാൻ ബാക്കി ദിവസങ്ങളിലെ ഭക്ഷണ കാര്യം നോക്കിക്കൊള്ളും.

പിന്നെ പിറന്നാൾ കൊടിയേറ്റത്തിനു തലേദിവസം ആണെങ്കിൽ ഉച്ചയ്ക്ക് ഇരുമ്പു പാലത്തിൽ കൂടി ആനകൾ വരി വരി ആയി വരുന്നതും, കോവിലകത്തു നിന്നും ഓടി ഗേറ്റിൽ പോയി ആനയുടെ പേരു ചോദിക്കുന്നതും, ചില ആനക്കാർ പേരുപറയാതെ ജാഡ കാണിക്കുന്നതും, ഇപ്പൊ ഓർമകൾ ആയി.

M.E 1168 (24th June 1993) മിഥുനമാസം 10 മകം നക്ഷത്രത്തിൽ മുത്തച്ഛൻ നമ്മെ വിട്ടുപോയി.

എല്ലാവരേയും ഒരുപോലെ ശാസ്സിക്കയും സ്നേഹിക്കുകയും ചെയ്ത മുത്തച്ഛനെ ഞാൻ എപ്പോഴും എന്റെ മനസ്സിൽ ഓർക്കുന്നു.

നന്ദി.