Thursday, 14 April 2022

S M T GOVT: H S S CHELAKKARA: കൊച്ചിരാജ്യത്തെ വിദ്യാലയത്തിന് തിരുവിതാംകൂർ മഹാരാജാവിന്റെ പേരോ?

കൊച്ചി രാജ്യത്തിന്റെ വടക്കേ ഭാഗത്തു ഉള്ള ദേശമാണ് ചേലക്കര. കുറച്ചു ദിവസങ്ങൾ മുൻപ് അവിടുത്തെ ഒരു സ്കൂളിനെ കുറിച്ച് കേട്ടു, ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ - Sree Moolam Thirunal Government Higher Secondary School Chelakkara.

ഹേ! ഇതാരാണ് കൊച്ചി രാജ്യത്ത് ൧൮൮൫ (1885) മുതൽ ൧൯൨൪ (1924) വരെ തിരുവിതാംകൂർ ഭരിച്ച ശ്രി മൂലം തിരുന്നാൾ രാമ വർമ്മ മഹാരാജാവിന്റെ പേരിൽ ഒരു സ്കൂൾ തുടങ്ങിയത്? അതും അദ്ദേഹം നാടുനീങ്ങീട്ട് ആറ് വർഷത്തിന് ശേഷം?

അപ്പോൾ ആ സ്കൂളിന്റെ വെബ്സൈറ്റിൽ കയറി നോക്കിയപ്പോൾ ഇങ്ങിനെ കണ്ടു:

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമവർമ്മ മഹാരാജാവാണ് 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്

ആരാണ് കൊച്ചീരാജ്യത്ത് തീപ്പെട്ട ശ്രീ മൂലം തിരുന്നാൾ? സ്കൂൾ അധികൃതർക്ക് വരെ അറിയില്ല, കാരണം അവർ ആരാണ് ഈ മഹാരാജാവ് എന്ന് വെബ്സൈറ്റിൽ പറഞ്ഞിട്ടില്ല.

തിരുവിതാംകൂർ രാജാക്കൻമാരുടെ പേരുകൾ പോലെ കൊച്ചി രാജക്കൻമ്മാരുടെ പേരുകൾ സാധാരണ രീതിയിൽ ജന്മനക്ഷത്രം ചേർത്ത് പറയാറില്ല. രാമവർമ്മ, കേരളവർമ്മ, രവിവർമ്മ എന്നും, അതിനോടു കൂടി ഒരു വിളിപ്പേരും (ജീവിച്ചിരിക്കുന്നവരാണെങ്കിൽ സ്വതേ അപ്പൻ, കുഞ്ഞുണ്ണി, കൊച്ചുണ്ണി, കുഞ്ഞിക്കിടാവ്, കൊച്ചനിയൻ, കുഞ്ഞപ്പൻ മുതലായവ) ഉണ്ടാവും, അല്ല മരിച്ചവരാണെകിൽ മരിച്ച സ്ഥലമോ, മാസമോ (ചോവ്വരയിൽ തീപ്പെട്ട, മദിരാശിയിൽ തീപ്പെട്ട, ചിങ്ങമാസത്തിൽ തീപ്പെട്ട, മിഥുനമാസത്തിൽ തീപ്പെട്ട ഇത്യാദി) ഉണ്ടാവും. ഇനി അതും അല്ലെങ്കിൽ, ഒരു പ്രതെയ്ക സിദ്ധിയുടെ പേരിൽ ആയിരിക്കും അറിയപ്പെടുക (ശക്തൻ, രാജർഷി, മിടുക്കൻ, ഐക്യകേരളം, പരീക്ഷിത്ത് ഇത്യാദി).

ഇതിപ്പോ ഇങ്ങിനെ ഒരു കൊച്ചി രാജാവിനെ അഭിസംബോധന ചെയ്ത് അധികം കണ്ടിട്ടില്ലല്ലോ. അതും ൧൯൩൧ (1931)ൽ രാജ്യം ഭരിച്ചിരുന്ന മദിരാശിയിൽ തീപ്പെട്ട വലിയ തിരുനാൾ ആണെകിൽ ജനിച്ചത് ഉത്രം നക്ഷത്രത്തിൽ ആണെന്നാണ് കേട്ടിട്ടുള്ളത്. പിന്നെ ഇത് ആരാണ്.

കുറച്ചു അന്വേഷിച്ചപ്പോൾ ആ സമയത്തു ഇളയ രാജാവായിരുന്ന ധാർമിക ചക്രവതി എന്നും ചോവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ എന്നും പിൻകാലത്തു അറിയപ്പെട്ടിരുന്ന രാമ വർമ്മ കുഞ്ഞുണ്ണി തമ്പുരാൻ ജനിച്ചത് ൩൦-൧൨-൧൮൬൧ (30-12-1861) ൽ മൂലം നക്ഷത്രത്തിൽ ആണെന്ന്.

അങ്ങിനെയാണ് സ്കൂളിന് ഈ പേര് ഇട്ടത്. അദ്ദേഹത്തെ പല പുസ്തകങ്ങളിലും ശ്രീ മൂലം തിരുന്നാൾ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്, പ്രധാനമായി പുത്തേഴത് രാമൻ മേനോൻ എഴുതിയ ശക്തൻ തമ്പുരാൻ എന്ന പുസ്തകത്തിൽ. ചോവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാനെ കുറിച്ച് കൂടുതൽ അറിയേണം എങ്കിൽ Cochin Royal History എന്ന പേജ് വായിക്കുക.