Tuesday, 7 February 2023

തൃപ്പൂണിത്തുറ വലിയ പടിഞ്ഞാറെ കോവിലകത്തെ കൊച്ചമ്പലം - നാൾവഴികൾ

ശ്രീ

കൊച്ചി രാജകുടുംബത്തിലെ ഒന്നാം (പടിഞ്ഞാറെ കൊവിലകം) താവഴിയുടെ ഉത്ഭവമുണ്ടായ തൃപ്പൂണിത്തുറ വലിയ പടിഞ്ഞാറെ കോവിലകത്തുണ്ടായിരുന്ന കൊച്ചമ്പലത്തിനെ കുറിച്ചാണ് ഈ ലേഖനം. ഈ താവഴിയുടെ ഉത്ഭവം ൧൮൯൦ (1890)-ൽ തീപ്പെട്ട വലിയമ്മ തമ്പുരാനിൽ (മങ്കു തമ്പുരാൻ) നിന്നുമാണ്. ഈ താവഴിയിൽ നിന്നും ആറ് മഹാരാജാക്കൻമ്മാരുണ്ടായിട്ടുണ്ട്.

൧൮൭൦ (1870)-കളുടെ അവസാനം, ൧൮൮൦ (1880)-കളുടെ ആദ്യം:

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്ര അധികാരം കൊച്ചിക്കു നഷ്ടപ്പെടുന്നു, അതിനാൽ വലിയ തമ്പുരാനും വലിയമ്മ തമ്പുരാനും പഴയന്നൂരിൽ പോയി ഭഗവതിയെയും തൃപ്പൂണിത്തുറയിൽ പൂർണ്ണത്രയീശനേയും തൊഴാനുള്ള അവകാശം നഷ്ടപ്പെടുന്നു. ഒരു ക്ഷേത്രാധികാരം, അല്ലെങ്കിൽ ഒരു നാട് നഷ്ടപെട്ടാൽ/കൈവിട്ടാൽ, ആ രാജാവിന് ഉള്ള ശിക്ഷയായിട്ട് കണക്കാക്കാം.

ആയതിനാൽ, വലിയ തമ്പുരാന്, ശ്രീ രാമവർമ്മ, ഭഗവതിയെയും പൂർണത്രയീശനെയും തൊഴാൻ വേണ്ടി പുത്തൻ ബംഗ്ലാവ് കൊട്ടാരത്തിൽ ക്ഷേത്രം പണികഴിപ്പിക്കുന്നു. അതുപോലെ വലിയമ്മ തമ്പുരാന് തൊഴാൻ വേണ്ടി അന്നത്തെ വലിയമ്മ തമ്പുരാൻ ശ്രീ മങ്കു തമ്പുരാൻ (വലിയ തമ്പുരാന്റെ അമ്മ) താമസിച്ചിരുന്ന തൃപ്പൂണിത്തുറ വലിയ പടിഞ്ഞാറെ കോവിലകത്ത് വടക്കുകിഴക്കായിട്ട് ഒരു കൊച്ചമ്പലം (പുത്തൻ ബംഗ്ലാവ് ക്ഷേത്രത്തന്റെ ചെറിയ മാതൃകയിൽ) പണികഴിപ്പിച്ച് മകരമാസത്തിൽ നാളിൽ പ്രതിഷ്ഠ (പഴയന്നൂർ ഭഗവതി, ശ്രീ പൂർണത്രയീശൻ, സ്ഫടിക ശിവലിംഗം) നടത്തുന്നു. മകരമാസത്തിൽ മകം ആയിരുന്നു പ്രതിഷ്ഠാദിനം. ൧൯൭൪ (1974) വരെ പുലിയന്നൂർ തന്ത്രി നമ്പൂതിരിയുടെ സാനിദ്ധ്യത്തിൽ ആഘോഷിക്കപ്പെട്ടിരുന്നു (നവകം പഞ്ചഗവ്യത്തോടു കൂടി).

൧൮൮൮ (1888) - മിഥുനമാസത്തിൽ വലിയ തമ്പുരാൻ ശ്രീ രാമവർമ്മ തീപ്പെടുന്നു.

൧൮൯൦ (1890) - ദേവപ്രശ്നം, വലിയ തമ്പുരാൻ ശ്രീ വീരകേരള വർമ്മ ശപഥം എടുക്കുന്നു. പിറ്റേ ദിവസം വലിയമ്മ തമ്പുരാൻ ശ്രീമതി മങ്കു തമ്പുരാൻ തീപ്പെടുന്നു:

വലിയമ്മ തമ്പുരാൻ കുറേ കാലമായി (ഏകദേശം മൂന്ന്-നാല് വർഷം) വലിയ പടിഞ്ഞാറെ കോവിലകത്തെ മൂന്നു നില മാളികയിൽ അസുഖമായി കിടപ്പാകുന്നു. അപ്പൊ, വലിയമ്മ തമ്പുരാന്റെ മകനും, വലിയ തമ്പുരാനുമായ ശ്രീ വീരകേരള വർമ്മ ആചാര്യൻമ്മാരുടെ നിർദേശപ്രകാരം ദേവപ്രശ്നം നടത്തുന്നു. അതിൽ തെളിയുന്നത് ഇങ്ങിനെ ആയിരുന്നു - "വലിയമ്മ തമ്പുരാൻ തീപെട്ടാൽ, ഭഗവതിയെയും പൂർണത്രയീശനെയും കൊച്ചമ്പലത്തിൽ നിന്നും മാറ്റി പ്രതിഷ്ഠിക്കും. അങ്ങിനെ ഉള്ളതുകൊണ്ടാണ് വലിയമ്മ തമ്പുരാൻ മരിക്കാതെ കിടക്കുന്നത്".

അതിനു ഒരു പ്രതിവിധി മാത്രമേ ഉണ്ടായിരുന്നുള്ളു, വലിയ തമ്പുരാനായ മകൻ (മിഥുനമാസത്തിൽ തീപ്പെട്ട വലിയ തമ്പുരാന്റെ അനുജൻ) പ്രതിഷ്ഠ മാറ്റില്ല എന്ന് ശപഥം ചെയ്യണം എന്ന്. യഥാവിധിപ്രകാരം വലിയ തമ്പുരാൻ ശപഥം ചെയ്യുന്നു. ശപഥം ചെയ്ത് പിറ്റേ ദിവസം വലിയമ്മ തമ്പുരാൻ തീപ്പെട്ടു.

പിന്നെ വലിയ പടിഞ്ഞാറെ കോവിലക്കത് ജനിച്ചു വളർന്ന മൂന്ന് തമ്പുരാക്കൻമ്മാർ മഹാരാജാക്കന്മാരായി, അവർ ആരും കൊച്ചമ്പലം മാറ്റുന്നതിനെ പറ്റി ചിന്തിച്ചില്ല.

കൊച്ചമ്പലം ക്ഷേത്രവും മറ്റു രാജകുടുംബ വസ്തുക്കളും നോക്കി നടത്തിയിരുന്നത് പാലസ് ഫണ്ട് കൈകാര്യം ചെയ്തിരുന്നവർ ആയിരുന്നു. കൊച്ചി ഭാരതത്തിൽ ലയിച്ചപ്പോൾ, പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് ആയി മേൽനോട്ടം. പുത്തൻബംഗ്ലാവ് നടുമിറ്റം ദേവസ്വത്തിന്റെ (പാലസ് ബോർഡിന്റെ അധികാരത്തിൽ) കീഴിലായി, ഇപ്പോഴും അങ്ങിനെതന്നേ.

൧൯൬൦(1960)-കളിൽ ദേവപ്രശ്നം:

കൊച്ചമ്പലം മാറ്റി പ്രതിഷ്ഠിക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടി ആയിരുന്നു ദേവപ്രശ്നം. ആ പ്രശ്നത്തിൽ തെളിഞ്ഞത് - “ഞങ്ങൾക്ക് ഇവിടുന്ന് പോകാൻ ഇഷ്ടല്ല, ദിവസവും ഒരു വിളക്കും, അവിലും ശർക്കരയും മാത്രം നേദിച്ചാൽ മാത്രം മതി”.

൧൯൭൦ (1970)-കളിൽ ആദ്യം - വീണ്ടും ദേവപ്രശ്‍നം, ഒരേ നിശ്ചയം:

നേർത്തേത് പോലെ തന്നെ മാറ്റി പ്രതിഷ്ഠിക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടി ആയിരുന്നു ദേവപ്രശ്നം. ആ പ്രശ്നത്തിൽ തെളിഞ്ഞത് - “ഞങ്ങൾക്ക് ഇവിടുന്ന് പോകാൻ ഇഷ്ടല്ല, ദിവസവും ഒരു വിളക്കും, അവിലും ശർക്കരയും മാത്രം നേദിച്ചാൽ മാത്രം മതി”.

൧൯൭൪ (1974)

ജൂലായ് മാസത്തിൽ പാലസ് ബോർഡ് അമ്മത്തമ്പുരാൻ കോവിലകവും, തെക്കേ കോവിലകവും, ശ്മാശാനവും, തട്ടുമാളികയും, ക്ഷേത്രകാര്യങ്ങളും നോക്കി നടത്താൻ വേണ്ടി വലിയമ്മ തമ്പുരാൻ കോവിലകം ട്രസ്റ്റ് രൂപീകരിച്ചു, അപ്പോൾ കൊച്ചമ്പലം ട്രസ്റ്റിന് കീഴിലായി. അമ്മത്തമ്പുരാൻ കോവിലകത്തെ തേവാരവും കൊച്ചമ്പലത്തിലെ പൂജകളും നോക്കി നടത്താൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, ട്രസ്റ്റ് ഭാരവാഹികൾ കൊച്ചമ്പലത്തിലെ വിഗ്രഹങ്ങൾ അമ്മ തമ്പുരാൻ കോവിലകത്തേക്കു മാറ്റാനുള്ള തീരുമാനം എടുത്തു, വലിയ പടിഞ്ഞാറേ കോവിലകത്തെ അംഗങ്ങളോടും പടിഞ്ഞാറേ കോവിലകം താവഴിയിലെ അംഗങ്ങളോടും ചോദിക്കാതെ.

൧൯൭൫ (1974\1975) വിഗ്രഹങ്ങൾ കൊണ്ടുപോകുന്നു -

വിഗ്രഹങ്ങൾ (പഴയന്നൂർ ഭഗവതി, ശ്രീ പൂർണത്രയീശൻ, സ്ഫടിക ശിവലിംഗം) അമ്മ തമ്പുരാൻ കോവിലകത്തേ തേവാരമുറിയിലേക്ക് കൊണ്ടുപോകുന്നു. ഒരു കുത്തുവിളക്ക് പോലും മുൻപിൽ പിടിക്കാതേയും, കുടയും ഇല്ലാതേയും ആണ് നാരായണൻ എമ്പ്രാതിരി വിഗ്രഹങ്ങൾ കൊണ്ടുപോയത്. രാവിലത്തെ പൂജകളുടെ ഇടയിലാണ് കൊണ്ടുപോകുന്നത്.

സാധാരണ ഇങ്ങിനെ പ്രതിഷ്ഠ മാറ്റാതെ വിഗ്രഹം കൊണ്ടുപോകാറില്ല, അഥവാ വിധിപ്രകാരം മാറ്റിയാൽ തന്നെ വിഗ്രഹം കൊണ്ടുപോയാൽ ക്ഷേത്ര കെട്ടിടം ഉടൻ തന്നെ പൊളിച്ചു കളയുകയാണ് പതിവ്. പക്ഷെ ഇവിടെ അങ്ങിനെ ചെയ്തില്ല, കാരണം വ്യക്തമല്ല. ഇത് തന്നെയാണ് പല ആചാര്യന്മാരും, (പടിഞ്ഞാറേടത്ത് പട്ടേരി സഹിതം) പറയുന്നത്, ആ ക്ഷേത്രത്തിൽ ഒരു ചൈതന്യം ഇപ്പോഴും ഉണ്ട്. അതാണ് ക്ഷേത്രം ഇങ്ങിനെ നിലനിൽക്കുന്നത്.

സാളഗ്രാമങ്ങൾ (വിശേഷമായി എന്നും പാലഭിഷേകം നടത്തിവന്നിരുന്ന ലക്ഷ്മിനരസിംഹ സാളഗ്രാം ഇതിൽ ഉൾപെടും) നിത്യപൂജകൾ ചെയ്തിരുന്ന അനന്തരാമവാധ്യാരുടെ മഠത്തിലേക്ക് നിത്യ അഭിഷേകത്തിനായി കൊണ്ട് പോകുന്നു, ഇപ്പോഴും അവിടെ വെച്ച് നിത്യവും സാളഗ്രാമ അഭിഷേകം കോവിലകത്തെ അംഗങ്ങളുടെ ചിലവിൽ നടത്തി വരുന്നു.

൧൯൮൦ (1980) - കൊച്ചി രാജകുടുംബം ഭാഗം നടക്കുന്നു:

പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് വലിയ പടിഞ്ഞാറേ കോവിലകം ഭാഗം നടത്തുന്നു - പഴയന്നൂർ ഭഗവതിയുടെയോ പൂർണത്രയീശന്റെയോ ആഗ്രഹത്താൽ സർവേയറുടെ കണക്കിൽ തെറ്റ് വരുന്നു. ഭാഗത്തിൽ ക്ഷേത്രകെട്ടിടം അതിനോടനുബന്ധിച്ചുള്ള കിണർ എന്നിവ ൧൮൯൦ (1890)-ൽ തീപ്പെട്ട വലിയമ്മ തമ്പുരാൻ മങ്കു തമ്പുരാന്റെ പൗത്രിയുടെ രണ്ടാമത്തെ മകൾക്കും, ക്ഷേത്രവും കിണറും ഇരിക്കുന്ന സ്ഥലം മൂന്നാമത്തെ മകൾക്കും ആയി ഭാഗിക്കപ്പെടുന്നു. ആദ്യം ഇതാരും ശ്രദ്ധിക്കുന്നില്ല, കാരണം സ്ഥലം അളന്നു വന്നാൽ മാത്രമേ ഈ പ്രശ്നം അറിയുള്ളു, പക്ഷെ ഭാഗത്തിനുള്ള കണക്കെടുപ്പ് മുൻപ് കഴിഞ്ഞിരുന്നു. ഭഗവദ്ചൈതന്യം തന്നെ ഇതിന് കാരണം എന്ന് കോവിലകത്തെ അംഗംങ്ങൾ വിശ്വസിക്കുന്നു.

൧൯൮൦ (1980) -

തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഉത്സവ സമയത്തു ഒരാന ഇടഞ്ഞതുകാരണം എഴുന്നള്ളിച്ച ആന തിടമ്പുമായി സാന്ദർഭികമായി കൊച്ചമ്പലത്തിനു മുൻപിൽ വന്നു നിൽക്കുന്നു.

൧൯൮൭ (1987) അഥവാ ൧൯൮൮ (1988) പറ ഉത്സവം:

ആറാട്ടിന് പറ പോകുമ്പോൾ വലിയ പടിഞ്ഞാറേ കോവിലകത്തെ പറ സമയത്ത്, പൂർണത്രയീശന്റെ കോലം കൊച്ചമ്പലത്തിനു മുൻപിൽ വെച്ച് ആനപ്പുറത്തുനിന്നും താഴേക്ക് ഉതിർന്നിറങ്ങുന്നു, ഭാഗ്യത്തിന് നിലം തൊടുന്നില്ല.

൧൯൯൨ (1992) - വലിയ പടിഞ്ഞാറെ കോവിലകം കോടതി വ്യവഹാരം ആരംഭിക്കുന്നു:

കാരണം ഭാഗം തന്നെ. കൊച്ചമ്പലം മാത്രമല്ല, അതിർത്തിയുടെ മറ്റു പല ഭാഗത്തിലും ക്ലാരിറ്റി ഉണ്ടായിരുന്നില്ല, അതും ഈശ്വരനിശ്ചയം.

൨൦൦൦ (2000) -

മകരമാസത്തിൽ മകം പ്രതിഷ്ഠാദിനം ആയി അമ്മതമ്പുരാൻ കോവിലകത്ത് കൊണ്ടാടപ്പെടാൻ അന്നത്തേ വി.ടി.കെ ട്രസ്റ്റ് അംഗങ്ങൾ തീരുമാനിക്കുന്നു, പ്രതിഷ്ഠ അമ്മ തമ്പുരാൻ കോവിലകത്തേക്ക് മാറ്റിയിട്ടില്ലെങ്കിലും. അത് ഇപ്പോഴും തുടരുന്നു.

൨൦൦൧ (2001) - ൨൦൦൩ (2003) -

വലിയ പടിഞ്ഞാറെ കോവിലകത്തെ ചില അംഗങ്ങൾ കൊച്ചമ്പലം എന്ത് ചെയ്യണം എന്ന് അറിയാൻ പല തന്ത്രി മുഖ്യന്മാരെയും ആചാര്യൻമ്മാരേയും ജ്യോത്സ്യൻമ്മാരേയും സമീപിക്കുന്നു, എല്ലാവരും ചരിത്രം കേട്ടിട്ട് ഒരുപോലെ പറയുന്നു: "അവിടെ ഒരു ചൈതന്യവും ശക്തിയും ഉണ്ട്" എന്നും, പ്രതിഷ്ഠയാണ് പരിഹാരം എന്നാണ് തെളിഞ്ഞത്.

൨൦൧൧ (2011) പുനരുദ്ധാരണം:

കോടതിയിൽ വ്യവഹാരം നടക്കുന്ന സമയത്ത് തന്നെ ചില അംഗങ്ങൾ പുനരുദ്ധാരണത്തിന് മുൻകൈ എടുക്കുന്നു, ൧൮൯൦ (1890)-ൽ തീപ്പെട്ട വലിയമ്മ തമ്പുരാന്റെ പൗത്രിയുടെ പൗത്രൻ ക്യാപ്റ്റൻ ശശിധരൻ തമ്പുരാന്റെ മേൽനോട്ടത്തിൽ പുനരുദ്ധാരണം നടക്കുന്നു. ശേഷം കോടതി വ്യവഹാരം ഇരു കൂട്ടരുടെയും സംഭാഷണത്തിൽ ഒത്തുതീർപ്പായി അവസാനിക്കുന്നു. കൊച്ചമ്പലവും അതിരിക്കുന്ന ഭൂമിയും വലിയ പടിഞ്ഞാറെ കോവിലകം അവകാശികളുടെ കൂട്ടായ ഉടമസ്ഥതയിൽ നിലനിർത്താൻ തീർപ്പാകുന്നു.

൨൦൧൧ (2011)

പുനരുദ്ധാരണം മുതൽ പറ്റാവുന്ന ദിവസങ്ങളിൽ വിളക്ക് വെച്ചുവരുന്നു. കോവിലകത്തെ വിശേഷാൽ പൂജകളും ക്രിയകളും കൊച്ചമ്പലത്തിൽ നടത്തിവരുന്നു. കെട്ടിടം പരിപാവനമായി സൂക്ഷിക്കപ്പെടുന്നു.

൨൦൧൨ (2012) കോടതി വ്യവഹാരം ഹൈക്കോടതി ഒത്തുതീർപ്പാക്കുന്നു.

ശേഷം എല്ലാ മലയാളവർഷാരംഭത്തിൽ ഒരു ഗണപതിഹോമവും ഭഗവദ്സേവയും കൊച്ചമ്പലത്തിൽ വച്ച് നടത്തുന്നൂ.

References:
 
  1. Comparative Studies by K Rama Varma Raja 
  2. Various accounts from members, past, present, of Valiya Padinjare Kovilakom and associated people.

Photos: 
  1. Cochinroyalhistory.org and Prof. Ramakumaran Thampuran. 
  2. S. Anujan
  3. N.K Gokul Varma
  4. Vinay Rama Varma 
  5. Vijay Kerala Varma