Friday, 29 January 2021

ശ്രീമാടരാജവൈരാഗ്യം - Poem on Rajarshi Rama Varma by Poet Vallathol

ശ്രീ

പഴയന്നൂർ ഭഗവതി ശരണം
ശ്രീ പൂർണത്രയീശൻ ശരണം

Poem on Rajarshi Rama Varma by Poet Vallathol

Sir Sri Rajarshi Rama Varma, Abdicated Highness of Cochin (1852-1932), Father of Modern Cochin, ruled princely state of Cochin from 1895 till 1914, when he abdicated. Today is the 89th Death Anniversary of Sri Rajarshi Rama Varma.



Below is a poem by great Malayalam poet Vallathol, sitting in a teashop at Kunnamkulam, Trichur District, after he heard about the abdication of the then Maharaja of Cochin, Rama Varma Kunjikkidavu Thampuran, a.ka Rajarshi Rama Varma and as Abdicated Highness, in December 1914. Below are the poem and excerpts from the book Sir Sri Rajarshi Rama Varma, written by Sri I. K. K. Menon.


ചരിത്രം പരിശോധിച്ചാൽ രാജപദവി പരിത്യജിച്ച് സാധാരണക്കാരായി കഴിയാൻ സന്നദ്ധരായവരുടെ കഥകൾ തീരെ വിരളമായിരിക്കും. സാക്ഷാൽ ശ്രീരാമൻ പോലും എന്നേയ്ക്കുമായി ത്യജിക്കുകയുണ്ടായില്ല. ഭീഷ്മരുടേതു മഹാത്യാഗമാണു്. അതൊക്കെ ഇതിഹാസകഥകളാണല്ലോ. 'രാജർഷി' എന്നു ജനങ്ങൾ സ്നേഹബഹുമാനങ്ങളോടെ വിശേഷിപ്പിച്ച കൊച്ചി രാമവർമ്മ  മഹാരാജാവിൻറ കഥ സമീപകാലത്തെ ചരിത്രമാണു്. മഹാകവി വള്ളത്തോൾ ആ ത്യാഗത്തിന്റെ മഹിമയെപ്പററി ഒരു കവിത എഴുതി. അതു് ഇവിടെ മുഴുവനായി ഉദ്ധരിക്കുന്നു.    


ശ്രീമാടരാജവൈരാഗ്യം*


ഉണ്ടാമുടൽപ്പുളകമോടൊരിടർച്ചപൂണ്ടു-
കൊണ്ടാരുമോതിടുമുദന്തമിതെന്തു ഹാ ഹാ ! 
പണ്ടാക്കഴിഞ്ഞ പരിപാവനമായ കാലം 
രണ്ടാമതും ക്ഷിതിയിൽവന്നവതീർണ്ണമായോ?

അമ്മേ! ജയിക്ക ഭരതാവനി! നിൻകിടാങ്ങൾ-
ക്കമ്മേന്മപോവുകിലുമിന്നു, ഭവൽപ്രഭാവാൽ 
ചെമ്മേ പുരാണരിൽ വിളങ്ങിയ തത്ത്വചിന്താ-
സമ്മേളനപ്രതിഭ തീരെ മറഞ്ഞതില്ല.

നില്ലാതെ നൂതനപരിഷ്‌കൃതിവാത്യ പന്തി-
യല്ലാതടിയ്ക്കുകിലുമാ ത്തവ പുണ്യസാരം 
എല്ലാമയേ ഭരതധാത്രി, മറന്നുപോയി-
ട്ടില്ലാ; ചിലേടമതിതാ ചിതറിക്കിടപ്പു!

കാലാനുകൂലസുപരിഷ്ക്കരണപ്രയോഗ-
ത്താലാവതോളമഭിവൃദ്ധിവരുത്തി നീളെ,
ശ്രീലാസ്യകേളിമണിമാളികമാടനാടു+-
ദ്വ്ഏലാദരത്തൊടു ഭജിച്ചവരും ഗഭീരൻ;

കാര്യങ്ങളിൽപ്പെരിയ കാഴ്ച ; കരൾക്കരുത്തൌ-
ദാര്യം, തിതിക്ഷ, സമഭാവന സാധുസംഗം
സ്ഥൈര്യം തുടങ്ങിയൊരു ഭൂമിപതിക്കു വേണ്ടു 
മാര്യങ്ങളാം ഗുണഗണങ്ങളിലദ്വിതീയൻ.

ഭൂഭാഗപാലകരശേഷമണഞ്ഞ സാക്ഷാൽ 
ശ്രീഭാരതേന്ദ്രമകുടീവഹനോത്സവത്തിൽ 
ശോഭായമാനബിരുദം പലതും ലഭിച്ച 
സൗഭാഗ്യസൗഹൃദസമുജ്ജ്വലസച്ചരിത്രൻ.

പൊന്നായ കൊന്നമലർ തൂകിയു, മാത്തഭക്തി-
സന്നാഹരാം പ്രജകൾതൻ ജയഘോഷമൊത്തും, 
മുന്നാണ്ടു തന്നറുപതാം തിരുനാളിനാലെ 
മന്നാകെയുത്സവമിയററിയ മാനവേന്ദ്രൻ.

ക്ലേശംപെടാതെ സുഖമായ്, പ്രളയംവരേയ്ക്കീ  
ക്ഷ്മേശൻ ഭരിച്ചരുൾക തന്നുടെ നാടിതെന്നായ്  
ആശയ്ക്കുതക്കവിധമാളുകൾ ചെയ്തുപോരു-
ന്നാശംസകൾക്കനഘഭാജനമായ ധന്യൻ.

വാണിയ്ക്കു വാരിജഭവൻ; മലർപെററ മഞ്ജു-
വാണിയ്ക്കു വിഷ്ണു; വിബുധപ്പരിഷയ്ക്കു ശക്രൻ: 
ക്ഷോണിയ്ക്കനന്തഭഗവാൻ; കവികോകിലാഗ്ര്യ-
ശ്രേണിയ്ക്കനന്തരുചിയാർന്ന വസന്തമാസം;

ആ രാമവർമ്മനൃപരത്നമിതാ, യഥാർത്ഥ-
വൈരാഗ്യയോഗ്യപരമാശ്രമമായിരിപ്പാൻ, 
പേരാളിടുന്ന യുവമന്നവനിൽ സ്വരാജ്യ-
ഭാരാവരോപണവിധിയ്ക്കു തുടർന്നിടുന്നു!

ശ്രീരാജവൃദ്ധരുടെ താപസധർമ്മചര്യ 
പൌരാണികോക്തികളിൽ മാത്രമിതേവരയ്ക്കും 
നേരായ് നമുക്കതിഹ കണ്ടറിയാവതാർക്കും 
ധീരാഗ്ര്യനീ പ്രഭൂ നിജാചരണത്തിനാലെ.

ശ്രേയസ്കരാഭിനവരീതിയിലാണു, നീതി-
ന്യായസ്ഥനാകുമവിടുത്തെ മഹാചരിത്രം; 
ഗേയം ഗൃഹംപ്രതിനിദാന; മതിപ്പൊഴീയ-
ദ്ധ്യായം നിമിത്തമൊരു പുണ്യപുരാണമായി!

ഭ്രൂവിൽജ്ജനം, പരമപൂരുഷനാകുമാരെ 
ശ്രീവിഷ്ണുവായ്ക്കരുതി വാഴ്ത്തിവരുന്നു ഭക്ത്യാ, 
ആ വിശ്രുതൻ തനതു ലക്ഷ്മിയെ വിട്ടിരിപ്പാൻ 
ഭാവിയ്ക്കയാണു പരമാത്ഭുതമീയുദന്തം!

ഹാ! രാജ്യലക്ഷ്മിയുടെ പുഞ്ചിരിയായ് വിളങ്ങും 
ഗൌരാതപത്രമൊരുവന്റെ മനംമയക്കാൻ
പോരാത്തതായ് നിയതമെന്ന വിചിത്രവാർത്ത 
നേരായ് നിനച്ചിടുകയില്ലിതുകാലമാരും!

ഏതാളുമേതു പരദേവത തൻ പ്രസാദ-
മേതാനുമേല്പതിനുവേണ്ടിവരുന്നതായാൽ 
താതാഗ്രജാദിജനജീവിതരക്തവും ഹാ!
ജാതാദരം കുരുതിയാക്കുവതിന്നൊരുങ്ങും

ആ രാജലക്ഷ്മിയൊരു ദാസികണക്കു തൻകാൽ-
ത്താരാശ്രയിക്കെ, യവളെസ്സുകൃതോന്നതിക്കായ്
ദുരാൽ ത്യജിച്ചു മുനിവൃത്തിയെടുക്കുവാനീ
ശ്രീരാമദേവനെയൊഴിച്ചെ,വനുള്ള ധൈര്യം?

നാലഞ്ചു ദമ്പടി കിടച്ചിടുമെങ്കിലെന്തു
‘ജാല'ത്തിനും ജനമൊരുങ്ങിയിറങ്ങിടുന്നു;
ലീലപ്പകിട്ടിലുലകം കിഴുമേൽ മറിയ്ക്കു-
മാ,ലക്ഷ്മി,യിപ്പുരുഷവര്യനു പുല്ലുപോലെ!

പാരാകെയോർക്കിൽ വിധിതന്റെയൊരിന്ദ്രജാലം;
ചേരായ്ക സക്തിയതിലെ;ന്നുപദേശമേകാൻ 
ധാരാളമുണ്ടു ജനമിങ്ങ്;-തു ചെയ്തുകാട്ടും
ധീരാഗ്ര്യനോ ശതശതങ്ങളിലൊന്നുമാത്രം!

പ്രായം തനിയ്ക്കറുപതാകിലു, മബ്ബലിഷ്ഠ-
കായത്തിലുണ്ടു യുവലക്ഷമി കളിച്ചിടുന്നു;
ശ്രേയസ്സകൾക്കു കുറവെന്തവിടേയ്ക്കു? ജസ്ര-
മായത്ത, മൈഹികസുഖത്തിനു വേണ്ടതെല്ലാം!

സാമാന്യമല്ല ഭരണത്തൊഴിലിൽപ്പടുത്വം: 
ക്ഷേമാഭിവൃദ്ധിയിലുയർന്നുവരുന്നു രാജ്യം, 
‘ഈ മാടഭൂപനതിമാനുഷനെന്ന' കീർത്തി-
ഭൂമാവു ഭൂമിയിൽ നിറഞ്ഞുകഴിഞ്ഞുതാനും.

എല്ലാമിതിൻവിധമിരിയ്കെ,യതിൽ പ്രസക്തി-
യില്ലാതെ, മുക്തിനിനവാർന്നു, നൃപാസ്പദത്തെ
പുല്ലായ്ഗണിച്ചരുളുമിപ്പുരുഷാവതംസം 
ചൊല്ലാർന്ന ബുദ്ധമുനിതന്റെ നവാവതാരം!

ദാരിദ്ര്യവാർദ്ധകരുജാദി നിപീഡിതർക്കും 
പാരിയ്ക്കയാണു വിഷയഭൂമമെ:- ന്നിരിയ്ക്കെ, 
പൂരിയ്ക്കുമസ്സുഖസമൃദ്ധിയിൽ നിസ്പൃഹത്വം 
നേരിട്ടതെത്ര നെടുതായ നിസർഗ്ഗസത്വം!

ഓരോ പ്രഭുക്കളൊ,രു 'രാജ' പദത്തിനെത്തൻ-
പേരോടുചേർപ്പതിനു പാടുപെടുന്നു പാരം,
സാരോപദേശഗുരുവാമവിടേയ്ക്കു, തൻ തൃ-
പ്പേരോടുചേർന്നമരുമായതസഹ്യമായി!

ജ്ഞാനം മഹത്തരമകത്തു കടന്നുചെന്ന
ന്യൂനം വെളിയ്ക്കുടനിറക്കിയ സംഗമോടെ
നൂനം, വിദേഹനൃപരീതിയിലാണു, രാജ-
സ്ഥാനം വഹിപ്പതവിടുന്ന, വിഭാവ്യസത്ത്വൻ

നമ്മൾക്കുതാനരചനായിവരട്ടെ ഭാവി-
ജന്മത്തിലും മഹിതനിത്തിരുമേനിയെന്നായ് 
ഇമ്മർത്ത്യരാസ്ഥയൊടു നേർന്നുവരുന്നു; താനോ,
ജന്മത്തിൽ നിന്നൊഴിയുവാൻ വഴിതേടിടുന്നു.

തീരാതഭൂതചരനിർവൃതി വായ്ക്കുമാറായ്-
പ്പാരാകെ നൽത്തണലണച്ച മഹാതപത്രം
ഈ രാജമൌലി വെടിയാൻ തുടരുന്നതോർത്തി-
ട്ടാരാണു, താപവശനായ്ച്ചമയാത്തതിപ്പോൾ?

മാലാർന്നിടായ്ക്കിവിടെ നാം തിരുമേനി തേടും
കാലാനുരൂപശുഭവിശ്രമവും, നിനച്ചാൽ, 
പാലാഴിയിൽപ്പരപുമാനുടെ പള്ളിനിദ്ര-
പോലാത്മലോക കുശലാഭ്യദയത്തിനത്രെ.

എല്ലാവിബോധവിഭവങ്ങളമുള്ളിലുള്ളാ-
ച്ചൊല്ലാർന്ന തൃത്തലയിൽ വാണ കിരീടമേ! നീ 
വല്ലാതെതൻ പരപദച്യുതിയോർത്തു മാഴ്കാ-
യ്കി,ല്ലാരിലും തടവുകാലഗതിയ്ക്കു പാരിൽ.

സമ്രാട് കിരീടവുമസംശയ, മാ വിശാലോ-
ന്നമ്രാളികത്തോടണയുന്നതിനാഗ്രഹിക്കും: 
നമ്രാർത്തിതീർത്ത,വിടെ, രാജകിരീടമേ, നീ
കമ്രാഭമായ്ച്ചിരമിരുന്നതപാരഭാഗ്യം.

ഹേ, മാന്യമാടവസുധേ, സതി, മാഴ്കൊലാ നിൻ
പ്രേമാസ്പദംപതി തപോരതനാകമൂലം! 
ഈമാതിരിയ്കരിയ സത്ത്വഗുണം തികഞ്ഞ 
ധീമാനു, ദർഭവിരി പട്ടുകിടക്കതന്നെ!!

ഈ രാമദേവനുടെ സോദരനാം നരേന്ദ്രൻ
സാരാര്യപാദസമനുഗ്രഹസിദ്ധിയാലെ 
ധാരാളമേന്തിയ പടുത്വമൊടുഴി, നിന്നെ 
നേരായ് ഭരിച്ചരുളുമാബ്ഭരതൻ കണക്കെ,

ഈ രാജ്യശ്രീ തടിദ്വല്ലരിയുടെ കളിയിൽ-
ത്തെല്ലുപോലും വിമോഹം 
ചേരാതാ,നന്ദസമ്പത്തനവധി വിളയും
നിത്യരാജ്യത്തെ നേടാൻ, 
പേരാളും രാജയോഗം, പുതിയതനുസരി-
യ്ക്കുന്നതിന്നായ്ത്തുടങ്ങു-
ന്നീ രാജർഷിയ്ക്കു, പൂർണ്ണം വിജയമരുളമാ-
റാക പൂണ്ണത്രയീശൻ!


* വള്ളത്തോൾ 1089 ധനു . 

+ മാടനാട് = കൊച്ചിരാജ്യം

സ്ഥാനത്യാഗത്തിൻറെ വാർത്ത കേട്ട ഉടനെ കുന്ദംകുളത്തെ ഒരു ചായകടയിൽ ഇരുന്ന് എഴുതിയതാണ് ഈ കവിത. സ്വല്പം ഇടത്തോട്ടു ചെരിവുള്ള ഈ ജനകീയ കവിയെ ഈ വാർത്ത ഇത്രയും വികാരാധീനനാക്കാൻ കാരണമുണ്ടു്. 

അദ്ദേഹത്തിന്റെ സമകാലികനായി മാറ്റൊരു മഹാകവി - ഉള്ളൂർ - കേരളസാഹിത്യചരിത്രത്തിൽ അതു കുറെയൊക്കെ വ്യക്തമാക്കുന്നു: 

"ഇന്നത്തെ കൊച്ചിയുടെ പിതാവ് എന്ന ബഹുമതിയാണ് അദ്ദേഹം സമാർജ്ജിച്ചത്..... അവിടുത്ത കുശാഗ്രബുദ്ധിയുടെയും രാജ്യതന്ത്രപരീണതയുടെയും മുദ്ര പതിയാത്ത യാതൊരു ഗവണ്മെൻറ് സ്ഥാപനവും അക്കാലത്ത് ഉണ്ടായിരുന്നില്ല. കൊള്ളയും കോഴയും അസ്തമിച്ചു. അധർമ്മം തലപൊക്കിയില്ല... സംസ്കൃതഭാഷയുടെ പോഷണത്തിന്നായി മുപ്പതിനായിരം ഉറുപ്പികയും ഭാഷാപരിഷ്കരണത്തിന്നായി ഇരുപതിനായിരം ഉറുപ്പികയും തൃകൈ ച്ചിലവായി നല്കി. മലയാളത്തിൽ പ്രാചീനങ്ങളും നവീനങ്ങളുമായ ഗ്രന്ഥങ്ങൾ ആ സംഖ്യ (അന്ന് അതു വലിയ സംഖ്യയായിരുന്നു) യിലെ ആദായം കൊണ്ട് പ്രസിദ്ധീകരിക്കുന്നതിന് ഒരു കമ്മിററിയെ നിയോഗിച്ചു. ആ കമ്മിററിയുടെ മേൽനോട്ടത്തിൽ അനേകം നല്ല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു് : 

  1. സാഹിത്യദർപ്പണത്തിൻറ പരിഭാഷ, 
  2. അർത്ഥശാസ്ത്രത്തിൻറ ഭാഷാഗദ്യവിവർത്തനം (കെ. വി. എം.), 
  3. ദൂതവാക്യം - ഭാഷാഗദ്യം പ്രാചീനം), 
  4. പ്രാചീന കേരളലിപികൾ (എൽ. എ. രവിവമ്മ), 
  5. ഒട്ടനേകം ഭാഷാചമ്പുക്കൾ 

ഇവ ആ കൂട്ടത്തിൽപ്പെട്ടവയാണു......പല താളിയോല ഗ്രന്ഥങ്ങളും അവിടുന്നു തന്നെ സംഭരിച്ചിരുന്നു. 1092-ൽ തിരുമനസ്സുകൊണ്ട് അഖിലഭാരതീയായുർവേദസമിതിയിൽ ആധ്യക്ഷ്യം വഹിച്ചുകൊണ്ടു ചെയ്ത ഗംഭീരമായ പ്രസംഗം കേട്ട മഹാപണ്ഡിതനായ ലോകമാന്യതിലകൻ അഭിപ്രായപ്പെട്ടത് "അവിടുന്നു രാജാക്കന്മാരുടെ ഇടയിൽ ഒരു പണ്ഡിതനാണെന്നു ഞാൻ അറിഞ്ഞിട്ടുണ്ടു്. ഇപ്പോളാണ് അവിടുന്ന് പണ്ഡിതന്മാരുടെ ഇടയിൽ ഒരു രാജാവാണെന്ന് അറിയുന്നത്” എന്നായിരുന്നു.


Note: The Malayalam above may have mistakes, please correct me if you find any issues.


3 comments:

  1. Unfortunately i cannot read poetic malayalam ,anyone translating this ?

    ReplyDelete
  2. ചെറായി രാമദാസ്2 February 2024 at 00:21

    നെറ്റിപ്പട്ടം വിറ്റ് റെയ്ൽപാത പണിതു എന്ന നുണക്കഥ ഇപ്പോൾ പറയാത്തതെന്താ? വലിയമ്മ തമ്പുരാനെ ക്കൊണ്ട് 5 ശതമാനം പലിശയ്ക്ക് കാശ് കൊടുപ്പിച്ചിട്ടാണ് ( നാട്ടുകാരുടെ കാശ് ഉൾപ്പെടെ ശേഖരിച്ച് ) രാജർഷി പാതപ്പണി പൂർത്തിയാക്കിയത്. 50 ധനകാര്യ ഏജൻസികളിലായി വൻ തുക നിക്ഷേപിച്ച് ശേഷം കാലം സുരക്ഷിതമാക്കിയിട്ടാണ് , ചൊല്ലെഴുന്ന സാത്വിക രാജൻ സ്ഥാനമൊഴിഞ്ഞത്. അന്തർജനങ്ങളുടെ ലൈംഗിക നടപടികൾ കൊട്ടാര പരിസരത്ത് തന്നെ പരസ്യവിചാരണ( സ്മാർത്ത വിചാരം ) ചെയ്ത നീചനാണ്. പൂർണത്രയീശനെ തൊഴാൻ റൗക്ക ധരിച്ചെത്തിയ നായർ സ്ത്രീകളുടെ റൗക്ക അഴിപ്പിക്കലിന് നിയമപ്രാബല്യം നൽകിയ സാമൂഹിക വിരുദ്ധനാണ്. തൃശ്ശൂരിൽ അയിത്തജാതിക്കാരില്ലാത്ത ഇടം കണ്ടെത്തിയാണ് മെറി ലോഡ്ജ് പണിതത്.
    സമയക്കുറവ് മൂലം ഞാൻ നിർത്തുകയാണ് തത്കാലം.True Copy Webzine എന്ന ഓൺലൈൻ മാധ്യമത്തിൽ ( 10.12.2021----28.1.2022 ) ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് ഞാൻ. അതിന്റെ ഇരട്ടി വലിപ്പത്തിൽ ഒരു പുസ്തകം തയ്യാറായി വരുന്നു. രാജർഷിയുടെ ഭരണകാലത്തിന്റെതന്നെ സർക്കാർ രേഖകളാണ് ( എറണാകുളം റീജണൽ ആർക്കൈവ്സിൽ ഉള്ളത് ) ഇതിന് ആധാരമാക്കിയിരിക്കുന്നത്.

    ഒന്ന് പറയുന്നു. ഒരു നാടിന്റെ സമ്പത്ത് സ്വന്തം കുടുംബത്തിനു വേണ്ടി കൊള്ളയടിച്ചയാളെ , അധികാര ബലം കൊണ്ട്, നുണ പറഞ്ഞു വെളുപ്പിച്ചെടുക്കാൻ നോക്കുന്നത് പാഴ് വേലയാണ് .

    ReplyDelete