നവഗ്രഹസ്തോത്രം
(വ്യാസമുനി രചിച്ച ഈ സ്തോത്രം ഭക്തിയോടെ പതിവായി ചൊല്ലുന്നവർക്കു ഒരു കാര്യത്തിലും തടസ്സം നേരിടുകില്ല. ദുഃസ്വപ്നദോഷം തീർക്കും. ഐശ്വര്യവും ആരോഗ്യവും നിസ്തുലമായി വരും. ഗ്രഹം , നക്ഷത്രം , ചോര, അഗ്നി ഇവ കൊണ്ടുള്ള പീഡകൾ ഉണ്ടാകയുമില്ല).
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമേരിം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
(1)
ചെമ്പരത്തിപ്പൂവിനു സദൃശമായിരിക്കുന്നവനേ, കശ്യപപുത്രനേ, വലിയ പ്രഭയുള്ളവനേ, ഇരുട്ടിനു ശത്രുവായിരിക്കുന്നവനേ, സർവപാപങ്ങളെയും നശിപ്പിക്കുന്നവനേ, ഹേ ആദിത്യഭഗവാനേ ഇതാ ഞാൻ നമസ്കരിക്കുന്നു.
ദധിശംഖതുഷാരംഭം
ക്ഷീരോദാർണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോർ മകുടഭൂഷണം
(2)
തൈര്, ശംഖ്, മഞ്ഞ് ഇവയുടെ പ്രകാശത്തോടു കൂടിയവനും പാൽക്കടലിൽനിന്നും ഉണ്ടായവനും മുയലിൻറ അടയാളത്തോടുകൂടിയവനും പരമശിവന്റെ ശിരസ്സിനു അലങ്കാരമായിരിക്കുന്നവനും ആയ ഹേ ചന്ദ്രനേ ഇതാ ഞാൻ നമസ്കരിക്കുന്നു.
ധരണീ ഗർഭസംഭൂതം
വിദ്യുൽ കാന്തി സമപ്രഭം
കമാരം ശക്തിഹസ്തം തം
മംഗലം പ്രണമാമ്യഹം
(3)
ഭൂമിയുടെ വയറ്റിൽ പിറന്നവനായി, മിന്നലിനു തുല്യം കാന്തിമാനായി, ശക്തി എന്ന ആയുധം ധരിച്ചിരിക്കുന്നവനായിട്ടുള്ള ചൊവ്വായെ ഇതാ ഞാൻ നമ സ്കരിക്കുന്നു.
പ്രിയംഗു കലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
(4)
പ്രിയംഗുവൃക്ഷത്തിന്റെ മൊട്ടിനു സമം ശ്യാമ നിറമുള്ളവനേ, നല്ല സൗന്ദര്യമുള്ളവനേ, ബുദ്ധിസാമർത്ഥ്യമുള്ളവനേ, ശാന്തസ്വഭാവത്തോടുകൂടിവനേ, ബുധപ്രഭുവേ ഇതാ ഞാൻ നമസ്കരിക്കുന്നു.
ദേവാഞ്ച ഋഷീണാഞ്ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശ
തം നമാമി ബൃഹസ്പതിം
(5)
ദേവന്മാർക്കും മുനിമാർക്കും ആചാര്യനായി, സ്വർണ്ണ പ്രകാശമുള്ളവനായി, സദാ ബുദ്ധികൂർമ്മ ഉള്ളവനായി, മൂന്നു ലോകങ്ങളുടെയും അധിപതിയായി, വിരാജികുന്ന വ്യാഴഭഗവാനേ ഇതാ ഞാൻ നമസ്കരിക്കുന്നു.
ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം
(6)
മഞ്ഞ് മുല്ലപ്പൂവ് താമരവളയം എന്നിവയുടെ പ്രകാശവുള്ളവനും, അസുരന്മാരുടെ ഗുരുവും . ശാസ്ത്രങ്ങളെല്ലാം പഠിപ്പിക്കുന്നവനും ആയ ശുക്രാചാര്യരേ ഇതാ ഞാൻ നമസ്കരിക്കുന്നു.
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(7)
നീലമഷിയുടെ വർണ്ണത്തോടുകൂടിയവനായി, സൂര്യന്റെ പുത്രനായി, യമധർമ്മന്റെ ജ്യേഷ്ഠനായി, ഛായാദേവിയിൽ ആദിത്യനു ജനിച്ചവനായി വിളങ്ങുന്ന ശനിദേവനേ ഇതാ ഞാൻ നമസ്കരിക്കുന്നു.
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമർദ്ദനം
സിംഹികാ ഗർഭ സംഭൂതം
തം രാഹും പ്രണമാമ്യഹം
(8)
പകുതി ദേഹത്തോടുകൂടിയവനും മഹാപരാക്രമിയും സൂര്യചന്ദ്രന്മാരെ പീഡിപ്പിക്കുന്നവനും സിംഹിക എന്ന ദൈത്യസ്ത്രീക്കു ജനിച്ചവനുമായ രാഹുവേ ഇതാ ഞാൻ നമസ്കരിക്കുന്നു.
പലാശപുഷ്പ സങ്കാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
(9)
പ്ളാശിൻ പുഷ്പത്തിന്റെ വർണ്ണമുള്ളവനേ, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും തലവനേ, കോപിഷ്ഠനും കോപരൂപിയുമായവനേ, തീക്ഷ്ണസ്വഭാവമുള്ളവനേ, കേതുവേ ഇതാ ഞാൻ നമസ്കരിക്കുന്നു.
Copied from Madhava Kalyan monthly magazine, January 1998.