ശ്രീ പൂർണ്ണത്രയീശൻ വർഷത്തിൽ ഒരു ദിവസം മാത്രമെ പടിഞ്ഞാറേ നടയിൽ കൂടി പുറത്തു വരുള്ളൂ, അത് വലിയ ഉത്സവത്തിന് ആറാട്ടിന് പോകുന്നതിന് മുന്പ് മൂത്തതിന്റെ ഇല്ലത്തേക്കാണ്.
എന്നാൽ ഒരു തവണ വലിയ ഉത്സവം സമയത്ത് പൂർണ്ണത്രയീശൻ പടിഞ്ഞാറേ നടയിൽ കൂടി പുറത്തേക്കു വന്നിട്ടുണ്ട്, അത് അധികം ആർക്കും അറിയാത്ത കൊച്ചമ്പലത്തിന് മുന്പിൽ ആണ് അന്ന് എഴുന്നള്ളി നിന്നത്.
തൃപ്പൂണിത്തുറ വലിയ ഉത്സവം മൂന്നാം ദിവസം സ്വതേ അനിഴം നക്ഷത്രമാണ്, തൃക്കേട്ട നാലാം ദിവസവും, കറുത്തവാവും ആവും സ്വതേ.
1980 December ആറ് വിശാഖം/അനിഴം, ഉത്സവം രണ്ടാം ദിവസം. അന്ന് രാത്രി ഭഗവാനെ എഴുന്നള്ളിച്ചിരുന്നത് ശങ്കരങ്കുളങ്ങര കുട്ടികൃഷ്ണൻ എന്ന ലക്ഷണമൊത്ത നാടൻ ആന ആയിരുന്നു.
അന്ന് കേരളത്തിൽ തന്നെ ഉയരം കൂടിയ ആനകളിൽ ഒന്നായ ബീഹാറി ശങ്കരങ്കുളങ്ങര ഗംഗാധരനും പതിനഞ്ചാനകളിൽ ഉണ്ടായിരുന്നു (രണ്ടാം കൂട്ട്?). കേരളത്തിൽ എത്തിയിട്ട് അധികം ആയിട്ടുണ്ടായിരുന്നില്ല, ഒപ്പം എഴുന്നള്ളിപ്പ് ചിട്ടകളും അത്ര പന്തിയില്ല,
ഗംഗാധരൻ ഇടഞ്ഞു (പത്ര പംക്തി ശ്രധിക്കുക, കടപ്പാട്: A Krishnaswami, Prasanth Varma). ഉടൻതന്നെ മറ്റാനകളെ ആനകള മതിൽക്കക്കത്തു നിന്നും പുറത്തിറക്കി.
കുട്ടികൃഷ്ണന്റെ ആനക്കാരൻ ആനയേ പടിഞ്ഞാറേ നട വഴി പുറത്തേക്കിറക്കി, ആന നടന്ന് വലിയ പടിഞ്ഞാറേ കോവിലകത്ത് തുറന്നു കിടന്നിരുന്ന ഗേറ്റിൽകൂടി അകത്ത് വന്ന് യാദൃച്ഛികമായി കൊച്ചമ്പലത്തിന് മുന്പിൽ നിന്നു, മുകളിൽ ഭഗവാനേയും എഴുന്നള്ളിച്ച്.
പുറത്ത് ശബ്ദം കേട്ട് കൊച്ചേച്ചിയമ്മൂമ്മ (വലിയ പടിഞ്ഞാറേ കോവിലകത്തെ സരസിജ തമ്പുരാൻ) നോക്കിയപ്പോൾ ഭഗവാൻ എഴുന്നള്ളിച്ചു നിൽക്കുന്നു. ഉടനെ നിലവിളക്ക് കത്തിച്ചു ഭഗവാനെ എതിരേറ്റു
ഞങ്ങൾക്ക് (പടിഞ്ഞാറേ കോവിലകം) അത് പൂർണ്ണത്രയീശൻ കോവിലകത്ത് കൊച്ചമ്പലത്തിൽ വന്നതാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
ഇനി കൊച്ചമ്പലം ചരിത്രം?
----‐---------------------------------------
മിഥുനമാസത്തിൽ തീപ്പെട്ട വലിയ തമ്പുരാനും, അമ്മ വലിയമ്മ തമ്പുരാനായ മങ്കുതമ്പുരാനും (ഒന്നാം താവഴി) പഴയന്നൂരിൽ പോയി തൊഴാൻ വയ്യാതായി (കാരണം ഒരു (ഇരിഞ്ഞാലക്കുട?) ക്ഷേത്ര അവകാശം നഷ്ടപ്പെട്ടു എന്നാണ് കേട്ടിരിക്കുന്നത്). അപ്പൊ വലിയ തമ്പുരാന് ഭഗവതിയെ തൊഴാൻ പുത്തൻ ബംഗ്ലാവ് ക്ഷേത്രവും, വലിയമ്മ തമ്പുരാന് തൊഴാൻ വലിയപടിഞ്ഞാറേ കോവിലകത്ത് കൊച്ചമ്പലവും പണികഴിപ്പിച്ച് പൂർണ്ണത്രയീശനേയും പഴയന്നൂർ ഭഗവതിയേയും പ്രതിഷ്ഠ നടത്തി.
പുത്തൻ ബംഗ്ലാവിൽ ഇപ്പോഴും ക്ഷേത്രമായി തുടരുന്നു, പക്ഷെ കൊച്ചമ്പലം അങ്ങിനെയല്ല.
1974ൽ ഇവിടുത്തെ വിഗ്രഹങ്ങൾ (പ്രതിഷ്ഠ മാറ്റീട്ടില്ല) രാജകുടുമ്പ അധികാരികൾ ഈശ്വര ഇച്ഛക്കു വിപരീതമായി അമ്മതമ്പുരാൻ കോവിലകത്തേക്കു മാറ്റി. സ്വതേ ഇങ്ങിനെ ചെയ്താൽ (പ്രതിഷ്ഠ മാറ്റാതെ വിഗ്രഹം മാത്രം മാറ്റിയാൽ) ശ്രീകോവിലും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു കളയുകയാണ് പതിവ്. പക്ഷെ, ഇവിടെ ആ കെട്ടിടങ്ങൾ ഇപ്പോഴും ഉണ്ട്. അവിടെ ഇപ്പോഴും ഒരു പ്രഭാവവും ചൈതന്യവും ഉണ്ട്. ഒരു 38 കൊല്ലത്തോളം മരാമത്തൊന്നുമില്ലാതെ ആ കെട്ടിടം നിലനിന്നു, 2012ൽ ചില അറ്റകുറ്റപണികൾ നടത്തുന്നത് വരെ.
അനുബന്ധം: 1987/1988 പറ ഉത്സവത്തിന് കുട്ടികൃഷ്ണൻ എഴുന്നള്ളിച്ച് വന്ന നിന്ന സ്ഥലത്തവച്ചുതന്നെ, കൊച്ചമ്പലത്തിനു മുന്പിൽ, സേവാസംഘം ഉരുക്കിനശിപ്പിച്ച പുരാതനമായ സ്വർണ്ണക്കോലം ഗീരീശന്റെ മുകളിൽ നിന്നും വീണ് നിലത്തുമുട്ടുന്നതിന് മുന്പ് കീഴ്ശാന്തി പിടിച്ചു. അത് മറ്റൊരവസരത്തിൽ.
അടിക്കുറിപ്പ്: ചില തെറ്റുകൾ ഉണ്ടാവാം, ക്ഷമിക്കണം.


No comments:
Post a Comment