Tuesday, 30 August 2022

ഒരു അത്തച്ചമയ തമാശ

ഒരു അത്തച്ചമയ തമാശ ‐-----------------------------------------

തൃപ്പൂണിത്തുറ അത്തച്ചമയം - ചരിത്ര പ്രസിദ്ധമായ അത്തച്ചമയം ഇന്നാണ്. പണ്ട് പെരുമ്പടപ്പ് മൂപ്പിൽ തൃക്കാക്കരയപ്പനെ തൊഴാൻ പരിവാരസമേതം ആഘോഷമായി പോകുന്ന ചടങ്ങ് എന്നാണ് പറയപ്പെടുന്നത്. പിന്നീട് തൃക്കാക്കര ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്ത ശേഷം ആ യാത്ര നിർത്തി തൃപ്പൂണിത്തുറയിൽ മാത്രം ഒതുങ്ങുന്ന ഒരാഘോഷം ആക്കി. മഹാരാജാവ് ആശ്രിതരേയും പ്രജകളേയും കാണുകയും അതിനോടൊപ്പം പല കലാപരിപാടികളുമായി നടന്നു വന്നു.

കൊച്ചി 1949ൽ ഭാരതത്തിൽ ചേർന്ന ശേഷം, ഈ ആഘോഷം നിന്നുപോയി. പക്ഷേ 1960കളിൽ ഈ ആഘോഷം ജനകീയമായി വീണ്ടും തുടങ്ങി, ഇപ്പോഴും തരക്കേടില്ലാതെ നടന്നു പോകുന്നു. പെരുമ്പടപ്പ് സ്വരൂപത്തിന് അതിൽ പിന്നേ പ്രത്യേകിച്ച് ഒരു സംബന്ധം ഇല്ലാതിരുന്നു, ഒരു 2003-2004 വരെ. അന്ന് മുതൽ അത്താഘോഷപതാക കൊച്ചിരാജകുടുമ്പത്തിലെ പാലസ് അഡ്മിനിസ്റ്റ്രേഷൻ ബോർഡ് പ്രസിഡന്റാണ് കൈമാറാറ്.

---

ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു കൗതുകമായ ഒരു സംഭവമാണ്. ഇത് എന്നോട് പത്തിരുപത് കൊല്ലം മുമ്പ് പറഞ്ഞത് മുൻ കേരള രഞ്ജി ട്രോഫിതാരവും, മുൻ കേരള ക്രിക്ക്രറ്റ് കോച്ചുമായ ശ്രീ പാലിയത്ത് ബാലചന്ദ്രൻസാറാണ്.

കൊച്ചിരാജകുടുമ്പത്തിലെ തെക്കേകോവിലകം താവഴിയിലെ (ആനന്ദവിലാസം പാലസ്) രാമവർമ്മ കൊച്ചുണ്ണി തമ്പുരാനായിരുന്നു ഈ സംഭവം നടന്നപ്പോൾ വലിയ തമ്പുരാൻ (1906-2004 - വലിയതമ്പുരാൻ 1990-2004). അദ്ദേഹം തൃപ്പുണിത്തുറ ലായം റോഡിലുള്ള ചിൻമയ സ്കൂളിന്റെ പടിഞ്ഞാറുവശത്തുള്ള കോവിലകത്തായിരുന്നു താമസം. തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ് ഇത്. സംഭവം നടക്കുന്നത് പണ്ടത്തെ തൃപ്പൂണിത്തുറക്കാർക്ക് സുപരിചിതമായ പണ്ടത്തെ Olympic Sports എന്ന കടയുടെ മുന്പിൽ.

ആ കാലങ്ങളിൽ, പുതുതായി ജനപ്രധിനിധികൾ ആയതുകൊണ്ടോ എന്തോ, അത്തച്ചമയത്തിനു മുമ്പിൽ ജനപ്രധിനിധികൾ നടക്കുമായിരുന്നു. അതിനു പുറകിൽ മാത്രമേ ആനയും അംമ്പാരിയും ഒക്കെ വരുള്ളൂ.

അങ്ങിനെ ആക്കൊല്ലത്തെ അത്തംഘോഷയാത്ര ഉദ്ഘാടനത്തിന് ശേഷം തൃപ്പൂണിത്തുറ മുഴുവൻ വലം വച്ച് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് കിഴക്കുവശത്തെത്തി കിഴക്കോട്ട് നീങ്ങുകയായിരുന്നു. അപ്പോ വലിയതമ്പുരാനും പ്രസ്തുത (Olympic Sports) സ്ഥലത്തെത്തി. തിരക്ക് നന്നായി ഉണ്ടായിരുന്നു. വലിയതമ്പുരാനും ബാലചന്ദ്രൻസാറും അവിടെ ഉണ്ടായിരുന്നു. തിരക്കുകാരണം വലിയ തമ്പുരാന് ഘോഷയാത്രകാണാൻ പറ്റീയിരുന്നില്ല.

അപ്പോ അദ്ദേഹം: അപ്പാ (ബാലചന്ദ്രൻസാറിനേ, തൃപ്പൂണിത്തുറ കോവിലകത്ത് കുട്ടികളെ, അല്ലെങ്കിൽ പ്രായത്തിന് ചെറിയവരെ "അപ്പാ", "കുട്ടാ" എന്നാണ് വിളിക്കാറ്, മോനേ, ഉണ്ണീ എന്നീവിളികൾ കേട്ടിട്ടില്ല), ആ കസേര ഇങ്ങോട്ട് വലിച്ചിടാമോ, ഞാൻ ഒന്ന് അത്തംഘോഷയാത്ര കണ്ടോട്ടെ 🙂

വലിയതമ്പുരാന് താങ്ങായി ബാലചന്ദ്രൻസാറും നിന്നു...

അടിക്കുറുപ്പ്: നുറ്റാണ്ടുകളായി അത്തം ഘോഷയാത്ര നയിച്ച പെരുമ്പടപ്പ് മൂപ്പിൽ, ആ ഘോഷയാത്ര ഒരു കസേരയുടെ മുകളിൽ കയറിനിന്ന് വീക്ഷിച്ചത് ഈ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ വൈറൽ ആയിരിക്കും...

No comments:

Post a Comment